Kerala
തിരുവനന്തപുരം: പീഡനക്കേസിൽ പ്രതിയായ രാഹുൽ മാങ്കൂട്ടത്തിലിന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളിക്കൊണ്ടുള്ള തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതിയുടെ ഉത്തരവ് പുറത്ത്. ഡിജിറ്റൽ തെളിവുകളടക്കം പരിശോധിച്ചശേഷമാണ് ജാമ്യാപേക്ഷ തള്ളിയതെന്ന് കോടതി ഉത്തരവിൽ പറയുന്നു.
ഗർഭഛിദ്രം നടത്താൻ രാഹുൽ നിർബന്ധിച്ചുവെന്നതിന് പ്രഥമദൃഷ്ട്യാ തെളിവുണ്ട്. യുവതി എതിർത്തുവെന്നതിനും തെളിവുണ്ട്. രാഹുലുമൊത്തുള്ള നല്ല ഭാവി ജീവിതം പരാതിക്കാരി പ്രതീക്ഷിച്ചിരുന്നുവെന്നും പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു.
രാഹുലിനെതിരെ ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് രജിസ്റ്റർ ചെയ്ത രണ്ടാമത്തെ എഫ്ഐആർ കൂടി പരിഗണിക്കണമെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടിരുന്നു. എന്നാൽ രണ്ടാമതൊരു കേസ് വന്നതു കൊണ്ട് മാത്രം സ്ഥിരം കുറ്റവാളിയാണെന്ന് പറയാൻ കഴിയില്ലെന്നും കോടതി നിരീക്ഷിച്ചു.
Kerala
തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്കെതിരെ പീഡന പരാതി നല്കിയ യുവതിയെ സാമൂഹിക മാധ്യമങ്ങളിലൂടെ അപമാനിച്ചുവെന്ന കേസില്‍ അറസ്റ്റിലായ രാഹുല്‍ ഈശ്വറിനെ റിമാൻഡു ചെയ്തു. തിരുവനന്തപുരം അഡീഷണൽ സിജെഎം കോടതിയുടേതാണ് ഉത്തരവ്.
14 ദിവസത്തേക്ക് റിമാൻഡു ചെയ്ത രാഹുലിനെ പൂജപ്പുര സബ് ജയിലിലേക്ക് മാറ്റും. സാമൂഹിക മാധ്യമങ്ങളിലൂടെയും മറ്റും പരാതിക്കാരിയുടെ വിവരങ്ങൾ വെളിപ്പെടുത്തുകയും അധിക്ഷേപങ്ങൾ നടത്തുകയും ചെയ്തുവെന്ന കേസിലാണ് നടപടി. രാഹുൽ ഈശ്വർ ഒരു ഘട്ടത്തിൽ പോലും യുവതിയുടെ പേരുവിവരങ്ങൾ വെളിപ്പെടുത്തിയിട്ടില്ലെന്നാണ് രാഹുലിന്റെ അഭിഭാഷകൻ വാദിച്ചത്.
വീഡിയോയിൽ അത്തരത്തിലുള്ള പരാമർശങ്ങളില്ലെന്നും വാദിച്ചു. എന്നാൽ പേരുവിവരങ്ങൾ ഇല്ലെങ്കിലും അതിജീവിതയെ രാഹുൽ അപകീർത്തിപ്പെടുത്തിയെന്ന് പ്രോസിക്യൂഷനും വാദിച്ചു. തുടർന്ന് കോടതി രാഹുലിനെ റിമാൻഡു ചെയ്യുകയായിരുന്നു.
National
പാറ്റ്ന: ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന ലോക് ജനശക്തി പാർട്ടി സ്ഥാനാർഥിയുടെ നാമനിർദേശപത്രിക തള്ളി. മഥൗര മണ്ഡലത്തിൽ മത്സരിക്കുന്ന സീമ സിംഗിന്റെ നാമനിർദേശപത്രികയാണ് സൂക്ഷ്മ പരിശോധനയിൽ തള്ളിയത്.
സീമാ സിംഗിന്റെതുൾപ്പടെ നാല് പത്രികകളാണ് സൂക്ഷ്മ പരിശോധനയിൽ തള്ളിയത്. സാങ്കേതിക പിഴവുള്ളതിനാലാണ് പത്രിക തള്ളിയതെന്നാണ് റിപ്പോർട്ട്.
സ്വതന്ത്ര സ്ഥാനാർഥികളായ അൽതാഫ് ആലം രാജു, വിശാൽ കുമാർ, ബിഎസ്പി സ്ഥാനാർഥി ആദിത്യ കുമാർ എന്നിവരുടെ പത്രികകളും തള്ളി.